Society Today
Breaking News

കൊച്ചി: പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയില്‍ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ  സ്‌റ്റോറുകളെന്നും ഈ സാമ്പത്തിക വര്‍ഷം ആയിരം കെസ്‌റ്റോറുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ സ്വന്തം സ്‌റ്റോര്‍ ആയ കെ സ്‌റ്റോറിന്റെയും ഇ  പോസ് മെഷീനുകള്‍ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെയും സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്ത് 108 കെ  സ്‌റ്റോറുകളാണ് ഈ രീതിയില്‍ സജ്ജമായിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 1000 കെ  സ്‌റ്റോറുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന നയങ്ങള്‍ അത് ജനക്ഷേമത്തില്‍ ഊന്നിയാണ്. അതിന്റെ തുടര്‍ച്ചയാണ് കെ  സ്‌റ്റോറുകളും. റേഷന്‍ കടകളെ വൈവിധ്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. ഘട്ടം ഘട്ടമായി മുഴുവന്‍ റേഷന്‍ കടകളെയും കെസ്‌റ്റോറുകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിതരണ രംഗത്ത് മികച്ച ഇടപെടല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. കൂടുതല്‍ ആളുകള്‍ക്ക് റേഷന്‍ സംവിധാനത്തിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മൂന്നര ലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകള്‍ വിതരണം ചെയ്തു. പൊതുവിതരണ സമ്പ്രദായം കലാനുസൃതമായി നവീകരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചുരുക്കം ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുവാന്‍ ഉതകുംവിധം മാറ്റിയെടുക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണ് കെ  സ്‌റ്റോര്‍ എന്ന കേരള സ്‌റ്റോര്‍ പദ്ധതി. സംസ്ഥാനത്തെ റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ സേവന സൗകര്യങ്ങള്‍ ഒരുക്കിയുമാണ് കെ  സ്‌റ്റോറുകളായി മാറുന്നത്.10,000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ്ങ് സംവിധാനം, യൂട്ടിലിറ്റി പേയ്‌മെന്റ് സംവിധാനം (ഇലക്ട്രിസിറ്റി ബില്ല് വാട്ടര്‍ ബില്ല് ഉപ്പെടെയുള്ള ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം ), സപ്ലൈകോ ശബരി ഉല്‍പന്നങ്ങള്‍, മില്‍മ ഉല്‍പന്നങ്ങള്‍, ഛോട്ടു ഗ്യാസ് (അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷനുകള്‍ മിതമായ വിലയ്ക്ക് ലഭ്യമാകും) എന്നി സേവനങ്ങളെല്ലാം കെ  സ്‌റ്റോറുകളില്‍ ലഭിക്കും.ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷന്‍ വ്യാപാരികള്‍ക്ക് അധിക വരുമാനവും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷന്‍ വ്യാപാരികള്‍ക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭ്യമാകും.

നിലവിലെ റേഷന്‍ കടകളുടെ മുഖഛായ മാറ്റി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പൊതു വിതരണ സംവിധാനത്തില്‍ അളവുതൂക്ക കൃത്യത ഉറപ്പാക്കുന്നതിനാണ് ഇ പോസ് മെഷീനുകള്‍ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലില്‍ കൃത്യമായി രേഖപ്പെടുത്തുവാനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പു വരുത്താനും കഴിയും.കേരളത്തിലെ 20 ഓളം ബാങ്കുകളുടെ ബിസിനസ്  കറസ്‌പോണ്ടന്റ് ആയി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം കെ   സ്‌റ്റോര്‍ ലൈസന്‍സികള്‍ക്ക് ലഭിക്കുന്നതും ലോണുകള്‍ ബാങ്കുകള്‍ക്ക് റഫര്‍ ചെയ്യുന്നതിനുള്ള അവസരം ലൈസന്‍സിക്ക് ഉണ്ടാവുകയും ഇതിലൂടെ കെ  സ്‌റ്റോര്‍ ലൈസന്‍സിക്ക് അധിക വരുമാന സാധ്യത ഉണ്ടാവുകയും  ചെയ്യും. കെ  സ്‌റ്റോറില്‍ നിന്നും ബാങ്കിംഗ് ഇടപാടിലൂടെ പിന്‍വലിയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായ കമ്മീഷന്‍ എ ആര്‍ ഡി കള്‍ക്ക് ലഭിക്കും.യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് എ ആര്‍ ഡി കള്‍ക്ക് പരമാവധി 15/ രൂപ വരെ ഈടാക്കാം.തേക്കിന്‍കാട് മൈതാനിയിലെ എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. ചടങ്ങില്‍ മന്ത്രി ജി ആര്‍ അനിലിന്റെ സാന്നിധ്യത്തില്‍ കെ  സ്‌റ്റോര്‍ വഴിയുള്ള ആദ്യ പേയ്‌മെന്റ് നടത്തി. റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, മേയര്‍ എം.കെ വര്‍ഗീസ് , പി ബാലചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി.
 

Top